/ Latest News /

അതിക്രമവുമായി യുവാക്കൾ, പൊലീസിനു മർദനം; ലോക്കപ്പിനു സമീപമുണ്ടായിരുന്ന കസേരകൾ തകര്‍ത്തു

Location, calicut| Added at 2021-10-06, Views : 0

നാദാപുരം∙ എടച്ചേരി പുതിയങ്ങാടിയിൽ വൈകിട്ട് ബൈക്കിലെത്തി പ്രശ്നമുണ്ടാക്കിയ സംഘം പൊലീസിനെയും ആക്രമിച്ചു. എടച്ചേരി പൊലീസ് ഇൻസ്പെക്ടർ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്പെക്ടർക്ക് ഉൾപ്പെടെ മർദനമേറ്റു. ഇരിങ്ങണ്ണൂർ കായപ്പനച്ചി സ്വദേശികളായ അർജുൻ (24), അശ്വന്ത് (25) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാളെ പിടികൂടിയെങ്കിലും കേസെടുത്തിട്ടില്ല. കായപ്പനച്ചി പുഴ പുറമ്പോക്ക് കേന്ദ്രീകരിച്ചു ലഹരിവിൽപന നടത്തുന്ന സംഘാംഗങ്ങളാണ് പരാക്രമം കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രി താലൂക്ക് ആശുപത്രിയിൽ സംഘത്തെ കസ്റ്റഡിയിലെടുക്കാൻ നടത്തിയ ശ്രമത്തിനിടയിലാണ് ഇൻസ്പെക്ടർ ജോഷി ജോസിനും സീനിയർ സിപിഒ കെ.എം.മനോജിനും മർദനമേറ്റത്. കൂടുതൽ പൊലീസെത്തി മൂവരെയും സ്റ്റേഷനിലേക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ താലൂക്ക് ആശുപത്രിയിൽ അസഭ്യവർഷവുമായി ഏറെ നേരം ബഹളമുണ്ടാക്കി. പൊലീസിനെ പേരെടുത്ത് വിളിച്ചു നേരിട്ട സംഘാംഗങ്ങളെ ബലപ്രയോഗത്തിലൂടെ സ്റ്റേഷനിലെത്തിച്ച ശേഷം സ്റ്റേഷനിലും ബഹളവും അതിക്രമവും തുടർന്നു. ലോക്കപ്പിനു സമീപമുണ്ടായിരുന്ന കസേരകൾ തച്ചുടച്ചു. നാദാപുരം ഇൻസ്പെക്ടർ ഇ.കെ.ഫായിസ് അലി അടക്കമുള്ളവർക്കു നേരെയും യുവാക്കൾ കയർത്തു. ബഹളം കേട്ട് തടിച്ചുകൂടിയ നാട്ടുകാർക്കു നേരെ അസഭ്യവർഷം തുടർന്നു. രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ ചോദ്യം ചെയ്യലിനു വഴങ്ങാതെ രാത്രി വൈകിയും പ്രതികൾ സ്റ്റേഷനിൽ ബഹളമുണ്ടാക്കി.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003