/ Latest News /

പേ വിഷ ചികിത്സയ്ക്ക് ഇനി പിജി ഡോക്ടർ നേരിട്ടെത്തും

Location, calicut| Added at 2021-10-05, Views : 0

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജിൽ പിജി ഡോക്ടർമാർ ഫോണിൽ കൂടി നടത്തുന്ന ചികിത്സയ്ക്കു അടിയന്തര വിലക്ക്. ആശുപത്രി സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ വിഭാഗത്തിൽ (എസ്പിഎം) ഇനി മുതൽ പിജി ഡോക്ടർമാർ നേരിട്ടെത്തി ചികിത്സ നൽകാൻ തീരുമാനമായി. ഇതോടെ ഇവിടെ നടത്തിയിരുന്ന പിജി ഡോക്ടർമാരുടെ ‘ഓൺ കോൾ’ ചികിത്സ ഒഴിവാക്കി. പേ വിഷബാധയ്ക്കു ചികിത്സയ്ക്കായി എത്തുന്നവരെ ഹൗസ് സർജൻ നോക്കിയ ശേഷം മുറിവു പറ്റിയ ഭാഗത്തിന്റെ ഫോട്ടോ എടുത്തു പിജി ഡോക്ടർക്ക് അയച്ചു വാട്സാപ് ചികിത്സ നൽകുന്ന രീതിയാണ് അവസാനിപ്പിച്ചത്.  പേ വിഷബാധയ്ക്കു ചികിത്സ തേടിയെത്തുന്നവരെ ഹൗസ് സർജൻ പരിശോധിക്കുന്നതും ഇതിനായി മൂന്നര മണിക്കൂർ കാത്തു നിൽക്കേണ്ടി വരുന്നതും സംബന്ധിച്ചു തിങ്കളാഴ്ച മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ.രാജേന്ദ്രൻ പ്രശ്നത്തിൽ ഇടപെട്ടു. പിജി ഡോക്ടർമാരുടെ ഓൺ കോൾ ചികിത്സ വേണ്ടെന്നും അവരുടെ സേവനം നിർബന്ധമായും നേരിട്ടു ലഭ്യമാക്കണമെന്നും പ്രിൻസിപ്പൽ അടിയന്തര നിർദേശം നൽകി. തുടർന്നു ഓരോ ദിവസവും ഹൗസ് സർജൻമാർക്കു പുറമേ പിജി ഡോക്ടറെ കൂടി ഇവിടെ ഡ്യൂട്ടിക്കു നിയോഗിച്ചു കമ്യൂണിറ്റി മെഡിസിൻ വിഭാഗം പട്ടിക തയാറാക്കി.  പേ വിഷബാധയ്ക്കു ഒപി സമയത്തിനു ശേഷമുള്ള ചികിത്സ അത്യാഹിത വിഭാഗത്തിലേക്കു മാറ്റാനും തീരുമാനിച്ചു. നേരത്തെ അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു ഉച്ചയ്ക്കു ശേഷം എസ്പിഎം വിഭാഗം പ്രവർത്തിച്ചിരുന്നത്. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരുടെ കോവിഡ് പരിശോധനയ്ക്കായി ഈ സ്ഥലം ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് പേ വിഷബാധയ്ക്കുള്ള ചികിത്സ പൂ‍ർണമായും ഒപി ബ്ലോക്കിലെ 60–ാം നമ്പർ മുറിയിലേക്കു മാറ്റിയിരുന്നത്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003