/ Latest News /

സ്കൂട്ടറുകൾ മോഷ്ടിക്കുന്ന വിരുതൻ പിടിയിൽ

Location, calicut| Added at 2021-10-04, Views : 0

കോഴിക്കോട് ∙ സ്‌ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടറുകൾ മോഷ്‌ടിക്കുന്ന കുരുവട്ടൂർ മുതുവനപ്പറമ്പിൽ ഷനീദ് അറഫാത്തിനെ (30) ചേവായൂർ പൊലീസ് പിടികൂടി. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്‌ഥലങ്ങളിൽ അൻപതോളം സ്‌കൂട്ടറുകൾ മോഷ്‌ടിച്ചതായി അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളജ് അസി‌സ്റ്റ‌ന്റ് കമ്മിഷണർ കെ.സുദർശൻ പറഞ്ഞു. മോഷ്‌ടിച്ച 11 സ്‌കൂട്ടറുകൾ പൊലീസ് കണ്ടെടുത്തു. കൂടുതൽ സ്‌കൂട്ടറുകൾ കണ്ടെടുക്കാനായി പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെയാണ് ഷനീദിനെ പൊലീസ് പിടികൂടിയത്. ഇയാൾ മോഷ്‌ടിച്ചത് ഏറെയും പുതിയ സ്‌കൂട്ടറുകളാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സ്‌കൂട്ടറുമായി പോകുന്ന സ്‌ത്രീകളെ ഇരുചക്രവാഹനത്തിൽ പിന്തുടരും. അവർ എവിടെയെങ്കിലും സ്‌കൂട്ടർ നിർത്തി താക്കോൽ എടുക്കാൻ മറന്നാൽ ഉടനെ ഷനീദ് സന്തം വാഹനം മറ്റൊരിടത്ത് നിർത്തിയിടും. എന്നിട്ടു സ്‌കൂട്ടറുമായി പോകും. ഇതൊരിടത്ത് സുരക്ഷിതമായി വച്ചതിനു ശേഷം തിരിച്ചുവന്ന് സന്തം വണ്ടി എടുത്തു കൊണ്ടുപോകും. ബന്ധുവിന്റെയോ പരിചയക്കാരുടെയോ വാഹനം ആണെന്നു പറഞ്ഞു ഉടനെ ആർക്കെങ്കിലും പണയം വയ്‌ക്കുകയാണ് ചെയ്യുന്നതെന്നു ഷനീദ് പൊലീസിനോട് പറഞ്ഞു. ഈ പണം ചീട്ടുകളിക്കാനാണ് ഉപയോഗിച്ചിരുന്നത്. വൻ ചീട്ടുകളി സംഘത്തിൽ ‘കുരുവട്ടൂരാൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനിടെ ചില സ്‌ഥലത്തു നിന്ന് മോഷ്‌ടിക്കുന്ന സ്‌കൂട്ടറുകൾ അതിൽ അസ്സൽ രേഖകൾ ഇല്ലാത്തതിനാൽ ഒന്നോ രണ്ടോ ആഴ്‌ച കഴിഞ്ഞു തിരികെ കൊണ്ടുവച്ച സംഭവമുണ്ട്. ഷനീദ് വാഹനം മോഷ്‌ടിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പല സിസിടിവികളിലും പതിഞ്ഞിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇൻ‌സ്‌പെക്‌ടർ പി.ചന്ദ്രമോഹൻ, എസ്ഐമാരായ എം.അഭിജിത്ത്, എസ്.എസ്.ഷാൻ എന്നിവരുടെ നേതൃത്വത്തിലാണ് കസ്‌റ്റഡിയിലെടുത്തത്.  എസ്ഐ സുന്ദരൻ, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, സിപിഒമാരായ വിനീത്, എസ്.റോഷ്‌നി, കെ.വിജി, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എഎസ്‌ഐമാരായ എം.മുഹമ്മദ് ഷാഫി, എം.സജി, സീനിയർ സിപിഒമാരായ കെ.അഖിലേഷ്, കെ.എ.ജോമോൻ, ജിനേഷ് ചൂലൂർ എന്നിവരാണുണ്ടായിരുന്നത്. 4 വർഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003