/ Latest News /

ഷോക്കേറ്റു മരണം: ഇൻസുലേഷൻ നഷ്ടപ്പെട്ട് ദ്രവിച്ച നിലയില്‍ സർവീസ് വയർ, അനാസ്ഥയെന്ന് പരാതി

Location, calicut| Added at 2021-09-13, Views : 0

വടകര ∙ വെള്ളികുളങ്ങരയിൽ തെങ്ങുകയറ്റ തൊഴിലാളി കുണ്ടംകുനിയിൽ രാജീവൻ (51) ഷോക്കേറ്റു മരിക്കാൻ ഇടയായത് അധികൃതരുടെ അനാസ്ഥ മൂലമെന്ന് പരാതി. വൈദ്യുത പോസ്റ്റിൽ നിന്നു വീട്ടിലേക്ക് കണക്‌ഷൻ എടുത്ത സർവീസ് വയറിന്റെ ഇൻസുലേഷൻ നീങ്ങിയ ഭാഗത്ത് തട്ടിയാണ് ഷോക്കേറ്റത്. തെങ്ങിൽ നിന്നു താഴെ വീണ രാജീവൻ തൽക്ഷണം മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച വീട്ടുടമസ്ഥൻ നൊട്ടിന്റവിട രാഘവൻ ഷോക്കേറ്റ് അബോധാവസ്ഥയിലായി. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഘവൻ സുഖം പ്രാപിച്ചു വരുന്നു. സർവീസ് വയറിന്റെ ഇൻസുലേഷൻ നീങ്ങിയത് കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു. വയർ മാറ്റുകയോ യഥാസമയം അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടുമായിരുന്നില്ല. ഇൻസുലേഷൻ നഷ്ടപ്പെട്ട് ദ്രവിച്ച നിലയിലായിരുന്നു സർവീസ് വയർ. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ അത്താണിയായിരുന്നു രാജീവൻ.  കോവിഡിനെ തുടർന്ന് ജോലി ഇല്ലാതായപ്പോൾ വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ടു പോയിരുന്നത്. രാജീവന്റെ മരണത്തിൽ പൂർണ ഉത്തരവാദിത്തം കെഎസ്ഇബിക്കാണെന്നും നി‍ർധന കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു ആവശ്യപ്പെട്ടു. മേമുണ്ടയിൽ മാസങ്ങൾക്ക് മുൻപ് കർഷക തൊഴിലാളി ഷോക്കേറ്റു മരിച്ചിരുന്നു. തെങ്ങ് തുറന്ന് വളമിടുമ്പോൾ സമീപത്തു വീണു കിടന്ന കമ്പി എടുത്തുമാറ്റുന്നതിനിടയിൽ സർവീസ് വയറിൽ നിന്നു ഷോക്കേ‍ൽക്കുകയായിരുന്നു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003