/ Latest News /

പ്രഖ്യാപനങ്ങളിൽ മാറ്റം; കെഎസ്ആർടിസി റീജനൽ വർക് ഷോപ്പ് മാറ്റുമെന്ന് മന്ത്രി

Location, calicut| Added at 2021-08-31, Views : 0

കോഴിക്കോട്∙ നടക്കാവിലെ കെഎസ്ആർടിസി റീജനൽ വർക് ഷോപ്പ് ജില്ലാ വർക്‌ഷോപ്പാക്കി വികസിപ്പിക്കുമെന്നു പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം നവംബറിൽ. പ്രവർ‍ത്തനങ്ങൾ നടന്നുവരുന്നതിനിടെ വർക് ഷോപ്പ് മാറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി ആന്റണിരാജു.     എല്ലാ ജില്ലകളിലും ഓരോ ഡിപ്പോകളെ ജില്ലാ വർക് ഷോപ്പുകളാക്കി ഉയർത്തുമെന്നാണ് കെഎസ്ആർടിസി 2020 നവംബറിൽ തീരുമാനിച്ചത്. കോഴിക്കോട്, മലപ്പുറം, ആലുവ, മാവേലിക്കര റീജനൽ വർക്‌ഷോപ്പുകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്.  തിരുവനന്തപുരം സെൻട്രൽ വർക്‌ഷോപ്പും ഇതിൽ ഉൾപ്പെടും. നടക്കാവ് അടക്കമുള്ള റീജനൽ വർക്‌‌ഷോപ്പുകളിൽ ഈ നവീകരണങ്ങൾക്കുപുറമേ അഗ്രിഗേറ്റ്, വെഹിക്കിൾ ഓവർ ഹോളിങ് യൂണിറ്റുകളുടെ ആധുനികവത്കരണവും നടത്തും. ഓവർഹെഡ് ക്രെയിനും ഫോർക് ലിഫ്റ്റുമടക്കമുള്ള സംവിധാനങ്ങൾ വരും. ജലശുദ്ധീകരണ സംവിധാനവുമൊരുക്കും. പ്രവൃത്തികളുടെ ഡിസൈനും എസ്റ്റിമേറ്റും തയാറാക്കുന്നത് ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് എന്ന  കമ്പനിയാണെന്നും പ്രതിനിധികൾ അതതു യൂണിറ്റുകളിലെത്തിയാണ് സംവിധാനമൊരുക്കുന്നതെന്നും നവംബറിൽ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനുള്ള പ്രവൃത്തികൾ നടന്നുവരുന്നതിനിടെയാണ് നടക്കാവിലെ വർ‍ക്‌ഷോപ്പ് പാവങ്ങാട്ടേക്ക് മാറ്റുന്നതു പരിഗണിക്കുമെന്നു മന്ത്രിയും സിഎംഡിയും കഴിഞ്ഞ ദിവസം പറഞ്ഞത്. 
മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനലിന്റെ നിർമാണത്തിനു മുന്നോടിയായാണ് ബസ് ഡിപ്പോ പാവങ്ങാട്ടേക്ക് മാറ്റിയത്. എന്നാൽ കെട്ടിട രൂപകൽപനയിലെ അപാകത മൂലം ബസ്സുകൾക്ക് ഇവിടെ രാത്രികാല പാർക്കിങ്ങിനു സ്ഥലമില്ലാതെ വന്നു. അതുകൊണ്ട് സർവീസ് പൂർത്തിയായ ശേഷം പാവങ്ങാട്ടെ ഡിപ്പോയിലേക്ക് 8 കിലോമീറ്ററോളം കാലിയായി ഓടേണ്ട അവസ്ഥയായിരുന്നു. ചില ബസ്സുകൾ മാവൂർറോഡിലും നിർത്തിയിടേണ്ട സ്ഥിതിയാണ്.ബസ് ടെർമിനലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മദ്രാസ് ഐഐടിയിലെ അളകുസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയിട്ടുണ്ട്. കെട്ടിടം  നവീകരിക്കുമ്പോൾ ബസ് പാർക്കിങ്ങിനായി കൂടുതൽ സ്ഥലം കണ്ടെത്തേണ്ടതിനു പകരമാണ് നടക്കാവിലെ വർക്ക്ഷോപ്പ് പാവങ്ങാട്ടേക്കു മാറ്റുമെന്നു പ്രഖ്യാപിച്ചത്. പകരം പാവങ്ങാട്ടെ ഡിപ്പോ നടക്കാവിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കിഴക്കേനടക്കാവിലെ ഇടുങ്ങിയ റോഡുകളിൽ വീണ്ടും ഗതാഗതക്കുരുക്കേറുമെന്നാണ് പരാതി ഉയരുന്നത്. വെള്ളിമാടുകുന്ന്–മാനാഞ്ചിറ റോഡ്  വികസനത്തിന്റെ ഭാഗമായി നടക്കാവിലെ   കെഎസ്ആർടിസി വർക്‌ഷോപ്പിനു സമീപത്തെ സ്ഥലങ്ങൾ ഏറ്റെടുക്കുന്ന പ്രവൃത്തികളും നടന്നുവരികയാണ്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003