/ Latest News /

അവഗണനയുടെ കടലിൽ ബീച്ച് അക്വേറിയം

Location, calicut| Added at 2021-08-28, Views : 0

കോഴിക്കോട് ∙ സൗന്ദര്യവൽക്കരിച്ചു മനോഹരമാക്കിയ ബീച്ചിൽ നോക്കുകുത്തിയായി കിടക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കാലിക്കറ്റ് ബീച്ച് അക്വേറിയം. വിദേശ കടലിലെ അപൂർവ മത്സ്യങ്ങൾ വരെയുണ്ടായിരുന്ന അക്വേറിയമാണ് അവഗണനയിൽ നശിക്കുന്നത്. അക്വേറിയം നിലനിന്നിരുന്ന മനോഹരമായ കെട്ടിടം ചോർന്നൊലിച്ചു തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. പരിസരപ്രദേശങ്ങൾ കാട് മൂടി. നേരം ഇരുട്ടിയാൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു അക്വേറിയം കെട്ടിടവും വളപ്പും.  കെട്ടിടത്തിൽ നിന്ന് സാധനങ്ങൾ പലതും സാമൂഹിക വിരുദ്ധർ കൊണ്ടുപോയിക്കഴിഞ്ഞു. കഴിഞ്ഞ 3 വർഷമായി അടഞ്ഞു കിടക്കുന്ന അക്വേറിയം കെട്ടിടവും പരിസരവും ഇപ്പോൾ മാലിന്യ കേന്ദ്രമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് 4 മാസമായി ബീച്ചിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കാത്തതും സാമൂഹിക വിരുദ്ധർക്ക് സഹായകമായി. 25 വർഷം മുൻപാണ് ഇവിടെ ഡിടിപിസി കാലിക്കറ്റ് അക്വേറിയം സ്ഥാപിച്ചത്. ഇതിന്റെ നടത്തിപ്പ് സ്വകാര്യ വ്യക്തിയെ ഏൽപിച്ചിരുന്നു. ടിക്കറ്റ് വച്ച് ആയിരുന്നു പ്രവേശനം. ബീച്ചിൽ നിത്യേന എത്തുന്ന ജനങ്ങളിൽ നല്ലൊരു ശതമാനം അക്വേറിയം സന്ദർശിച്ചിരുന്നു. 3 വർഷം മുൻപ് കരാർ കാലാവധി കഴിഞ്ഞതിനാൽ നടത്തിപ്പുകാർ അവസാനിപ്പിച്ചു. പിന്നീട് ഡിടിപിസി പുതിയ കരാർ നൽകാതിരുന്നതിനാൽ കെട്ടിടം പൂട്ടിയിടേണ്ടി വന്നു. കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് വ്യാപനം കാരണം ഇവിടേക്ക് ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയുമായി. കാലിക്കറ്റ് ബീച്ച് അക്വേറിയം നിൽക്കുന്ന സ്ഥലം ഒഴികെ ബീച്ചിലെ മിക്കവാറും സ്ഥലങ്ങളും ടൂറിസം വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് മനോഹരമാക്കിയിരുന്നു. എന്നാൽ അതിന്റെ ഗുണം നഷ്ടപ്പെടുത്തും വിധമാണ് നിലവിൽ അക്വേറിയം കെട്ടിടം നിൽക്കുന്ന കെട്ടിടവും പരിസരവും ഉള്ളത്. നിലവിലുള്ള കെട്ടിടം  അതേ നിലയിൽ അക്വേറിയം നടത്തിപ്പിനു ടെൻഡർ വിളിച്ചു കൊടുക്കാനുള്ള നീക്കത്തിലാണ് ഡിടിപിസി. കരാർ എടുക്കുന്നവർ കെട്ടിടം നവീകരിച്ച് അക്വേറിയം ഒരുക്കേണ്ടി വരും.b

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003