/ Latest News /

യുവതിയുടെ ആത്മഹത്യാശ്രമം: ഭർതൃസഹോദരങ്ങൾക്കും ഭർതൃമാതാവിനും തടവും പിഴയും

Location, calicut| Added at 2021-08-28, Views : 0

കോഴിക്കോട്∙ സ്ത്രീധന പീ‍ഡനത്തെ തുടർന്ന് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ ഭർതൃമാതാവിനും ഭർത്താവിന്റെ സഹോദരങ്ങൾക്കും തടവും പിഴയും. കേസിലെ മൂന്നാം പ്രതിയും ഭർതൃമാതാവുമായ പെരുമണ്ണ വടക്കേപ്പാട്ട് മണിക്ക് (59) ഒരു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു.  ഭർതൃസഹോദരങ്ങളായ പ്രേംരാജ് (30), പ്രേംജിത് (24)  എന്നിവർക്ക് 6 മാസം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് അഞ്ചാം കോടതി മജിസ്ട്രേട്ട് എൽ.കണ്ണൻ ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 3 പ്രതികളും ഒരു മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം.  പൂവാട്ടുപറമ്പ് സ്വദേശിനിയായ യുവതിയെയാണു കേസിലെ ഒന്നാം പ്രതി ആയ പ്രേംജിനേഷ് 2014ൽ വിവാഹം കഴിച്ചിരുന്നത്. 77 പവൻ സ്വർണം വിവാഹ സമയത്ത് യുവതിക്കു വീട്ടുകാർ നൽകിയിരുന്നു. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരൻമാരും പീ‍ഡിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നായിരുന്നു കേസ്. വിവാഹ ശേഷം യുവതി നിരന്തര സ്ത്രീധന പീഡനത്തിനിരയായെന്നാണ് നല്ലളം പൊലീസ് ചാർജ് ചെയ്ത കേസ്. ഗൾഫിലായിരുന്ന ഭർത്താവ് പ്രേംജിനേഷിനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വിട്ടയച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.വി.അഷ്റഫ് ഹാജരായി.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003