/ Latest News /

ജില്ലയി‍ൽ വാക്സീൻ ക്ഷാമം രൂക്ഷം; ഇന്നോ നാളെയോ വാക്സീൻ എത്തുമെന്ന് പ്രതീക്ഷ

Location, calicut| Added at 2021-07-28, Views : 0

കോഴിക്കോട് : ജില്ലയിൽ 45 വയസ്സിനു മുകളിലുള്ളവരിൽ ഒരു ഡോസ് വാക്സീൻ പോലും ലഭിക്കാത്തവർ 4 ലക്ഷത്തോളം. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം, 45 വയസ്സു കഴിഞ്ഞവർ ജില്ലയിൽ ആകെ 12.34 ലക്ഷം പേരുണ്ട്. ഇതിൽ 65% പേർക്കും ആദ്യ ഡോസ് വാക്സീൻ നൽകി. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബാക്കിയുള്ളവർക്കു കൂടി വാക്സീൻ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും രൂക്ഷമായ വാക്സീൻ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഓൺലൈനിൽ സ്ലോട്ട് ലഭിക്കാത്തതും സാധാരണക്കാർക്കു തിരിച്ചടിയാകുന്നുണ്ട്. സ്പോട്ട് റജിസ്ട്രേഷനായി എല്ലാവരെയും പരിഗണിക്കുന്നില്ലെന്നും പരാതികൾ ഉയരുന്നു.

വാക്സിനേഷനിൽ നാലാമത്

ആകെ വാക്സീൻ വിതരണത്തിൽ സംസ്ഥാനത്ത് കോഴിക്കോട് നാലാം സ്ഥാനത്താണ്. എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളാണ് കോഴിക്കോടിനു മുന്നിലുള്ളത്. ആകെ 11.56 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകി. വാക്സിനേഷനിൽ മുൻപിലുള്ള എറണാകുളത്ത് 18 ലക്ഷത്തിലേറെപ്പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ള 4.28 ലക്ഷം പേർ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ 2 ഡോസ് വാക്സീനും സ്വീകരിച്ചത് 4.90 ലക്ഷം പേരാണ്. അതായത് ആദ്യ ഡോസ് എടുത്തവരിൽ 42 ശതമാനം േപർക്ക് മാത്രമേ രണ്ടാം ഡോസ് ലഭിച്ചിട്ടുള്ളൂ.

വരുമോ  വാക്സീൻ ?

നിലവിൽ ജില്ലയിൽ വാക്സീൻ ഇല്ല. ഓരോ ദിവസവും വാക്സീൻ വൈകുന്തോറും രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരുടെ എണ്ണം വർധിക്കുകയാണ്. കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 100 ദിവസം പിന്നിട്ട ഒട്ടേറെപ്പേർക്കു രണ്ടാം ഡോസ് വാക്സീൻ ലഭിക്കാനുണ്ട്. ഇന്നോ നാളെയോ വാക്സീൻ എത്തുമെന്നാണ് പ്രതീക്ഷ.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003