/ Latest News /

സിം കാർഡുകൾ ഉത്തരേന്ത്യൻ വിലാസത്തിൽ; ഇതര സംസ്ഥാന തൊഴിലാളികളുടെ ആധാർ ഉപയോഗിച്ചതായി നിഗമനം

Location, calicut| Added at 2021-07-26, Views : 0

കോഴിക്കോട്∙ നഗരത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ഉപയോഗിച്ചിരുന്ന സിം കാർഡുകളിൽ ഭൂരിപക്ഷവും അസം, ബംഗാൾ സ്വദേശികളുടെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്തതാണെന്നു പൊലീസ്. 7 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നിന്നായി 730 സിം കാർഡുകളാണ് പൊലീസ് കണ്ടെത്തിയത്. ഇവയുടെ വിശദാംശങ്ങൾ തേടി മൊബൈൽ കമ്പനികൾക്ക് കേസ് അന്വേഷിക്കുന്ന സിറ്റി സി ബ്രാഞ്ച് കത്തു നൽകും.  കേരളത്തിൽ ജോലിക്കെത്തിയ ഇതര സംസ്ഥാനക്കാരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് സിം കാർഡുകൾ എടുത്തത് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുകാർക്ക് അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് സ്ഥിരമായി പാഴ്സലുകൾ എത്തിയിരുന്നതാണ് സംശയത്തിനിടയാക്കിയത്. ഇതോടെ എക്സ്ചേഞ്ച് നടത്തിപ്പുകാരുടെ ഉത്തരേന്ത്യൻ ബന്ധം കൂടി അന്വേഷണ പരിധിയിൽ വരും.        ബെംഗളൂരുവിൽ സമാന്തര എക്സ്ചേഞ്ച് കേസിലെ പ്രതികൾക്ക് കോഴിക്കോട് കണ്ടെത്തിയ എക്സ്ചേഞ്ചുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ബെംഗളൂരു കേസിലെ മുഖ്യപ്രതി ഇബ്രാഹിമിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും.  ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003