/ Latest News /

മനോ വൈകല്യമുള്ള യുവതിയെ കൂട്ട ബലാൽസംഗം ചെയ്തു; യുവാക്കൾ പിടിയിൽ

Location, calicut| Added at 2021-07-07, Views : 0

കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത യുവാക്കളെ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍(32) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ കൂടാതെ കേസിലുള്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. പന്തീര്‍പാടം പാണരുക്കണ്ടത്തില്‍ ഇന്ത്യേഷ്‌കുമാര്‍ (38 ) ഒളിവിലാണ്. ഇയാള്‍ 2003 ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടില്‍ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വെച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി കോട്ടാപറമ്പയിലുള്ള ബസ്സ് ഷെഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീര്‍ പത്താം മൈലിലുള്ള വീട്ടില്‍ നിന്നും ഓട്ടോ വിളിച്ച് കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു.തുടര്‍ന്ന് ഗോപിഷ് മുണ്ടിക്കല്‍ താഴത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങി യുവതിക്ക് കൊടുക്കകയും പിന്നീട് ഗോപിഷും ഷമീറും ചേര്‍ന്ന് യുവതിയെ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാന്റിനടുത്ത് ഇരുട്ടിന്റെ മറവില്‍ ഇറക്കി വിടുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചതില്‍ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലിസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. കോഴിക്കോട് സിറ്റിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ഡല്‍ഹി സംഭവത്തിനുശേഷം നിരവധി സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളും നടന്നുവരവെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് ഇരുട്ടിന്റെ മറവില്‍ ബസ്സിലിട്ട് അതി ദാരുണമായി ബലാത്സംഗംചെയ്തത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കു കയും യുവതിയെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ക്രൈം സ്‌ക്വാഡ്‌ന് ലഭിക്കുകയും ചെയ്തു. സംഭവം നടന്ന ബസ്സില്‍ ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഡി.ഐ.ജി എവി ജോര്‍ജ്ജ് ഐ പി എസിന്റെ നിര്‍ദ്ദേശാനുസരണം ഡപ്യൂട്ടി പോലീസ് മേധാവി സ്വപ്നില്‍ മഹാജന്‍ ഐ പിഎസിന്റെ നേതൃത്വത്തി ല്‍ കഴിഞ്ഞ ദിവസം ചാര്‍ജ്ജെടുത്ത മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന്റ കീഴിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ അന്വേഷണമാരംഭിക്കുകയും ചെയ്തു.
ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പ്രാരംഭ അന്വേഷണത്തില്‍ ബസ്സുടമയേയും തൊഴിലാളികളെയും പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും പ്രതികളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസിപി യുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളുടെ ഏകദേശ രൂപം ലഭിക്കുകയും ഇവരെ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണത്തില്‍ പ്രതികള്‍ പോലിസ് പിടിയിലാവുകയുമായിരുന്നു.പിടിയിലായ ഗോപീഷ് ബസ്സ് തൊഴിലാളിയും പ്രവാസിയായ മുഹമ്മദ് ഷമീര്‍ ഈ അടുത്ത കാലത്താണ് നാട്ടിലെത്തിയത്. ഒളിവില്‍ കഴിയുന്ന പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടാവുമെന്നും പോലീസ് പറഞ്ഞു.സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടിക്കാന്‍ സാധിച്ചത് സിറ്റി പോലീസിന്റെ അന്വേഷണ മികവാണ് കാട്ടി തരുന്നത്. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു,എ പ്രശാന്ത് കുമാര്‍,ശ്രീജിത്ത് പടിയാത്ത്,സുമേഷ് ആറോളി, എന്നിവരെ കൂടാതെ ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ മാരായ വി.രഘുനാഥന്‍, സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്,വനിത സി.പി.ഒ മഞ്ജു വി.ജി, ഡ്രൈവര്‍ സി പി ഒ രാജേഷ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003