/ Latest News /

ജില്ലയില്‍ 250.79 കോടിയുടെ വികസനപദ്ധതികള്‍ നടപ്പാക്കും -കാനത്തില്‍ ജമീല

Location, clt| Added at 2021-02-09, Views : 0


2020-21 വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി 876 പദ്ധതികളിലായി 250.79 കോടിരൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്  ജില്ലാപ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല  പറഞ്ഞു. ഫെബ്രുവരി 16-ന് നടക്കുന്ന വികസനസെമിനാറില്‍ പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം ലഭിക്കും. പൊതുവിഭാഗത്തില്‍ 300 -ഉം  പട്ടികജാതി ഉപപദ്ധതിയില്‍ 82 ഉം പട്ടികവര്‍ഗ ഉപപദ്ധതിയില്‍ 11-ഉം പദ്ധതികൾ  അംഗീകാരം നേടിയവയില്‍പ്പെടുന്നു.
 പുതിയഭരണസമിതി ചുമതലയേറ്റെടുത്തശേഷം അംഗീകാരംവാങ്ങിയ ശ്രദ്ധേയമായ പദ്ധതികളെകുറിച്ച് ജില്ലാപഞ്ചായത്ത് ചേംബര്‍ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രസിഡന്റ് വിശദീകരിച്ചു.  
 ജില്ലയില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്ന കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകാന്‍ 40 യൂണിറ്റ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ വാങ്ങിനല്‍കുന്ന ജീവല്‍സ്പന്ദനം പദ്ധതി നടപ്പാക്കും. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു ജില്ലാപഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
 ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 44 ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധം മുന്‍നിര്‍ത്തി ഓട്ടമാറ്റിക് സാനിറ്റൈസര്‍ ഡിസ്പന്‍സറും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളും നല്‍കുന്നതിനായി കോവിഡ് കെയര്‍ പദ്ധതി നടപ്പാക്കും. ഫെബ്രുവരി 12-ന് പദ്ധതിയുടെ ഉദ്ഘാനം നടക്കും. രണ്ടാം ഘട്ടമായി എയ്ഡഡ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
 പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാന്‍ നടപ്പില്‍വരുത്തുന്ന സൗരോര്‍ജ പദ്ധതിയനുസരിച്ച് പുതുതായി എട്ട് സ്‌കൂളുകളിലും ജില്ലാപഞ്ചായത്തിന്റെ 13 അനുബന്ധസ്ഥാപനങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. നിലവില്‍ 44 സ്‌കൂളുകളില്‍നിന്നായി 480 കെ.വി. വൈദ്യുതി ലഭ്യമാവുന്നുണ്ട്. 
 ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ 84 നാപ്കിന്‍ ഇന്‍സിനേറ്റര്‍ കൂടി സ്ഥാപിക്കും. 79 യൂണിറ്റുകള്‍ മുന്‍വര്‍ഷങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
 സാമൂഹികനീതി വകുപ്പുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍, ഇലക്ട്രിക് വീല്‍ചെയര്‍, ഹിയറിങ് എയ്ഡ് തുടങ്ങിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യും. 
 ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പഠനസൗഹൃദ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായി 90 ലക്ഷം രൂപകൂടി നല്‍കും. കഴിഞ്ഞവര്‍ഷം 1.25 കോടി രൂപ പദ്ധതിയനുസരിച്ച നല്‍കിയിട്ടുണ്ട്.
 തീരദേശത്തുള്ളവരുടെയും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെയും ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതിനും ഈ മേഖലയിലുള്ളവരെ ടൂറിസം വ്യവസായവുമായി ബന്ധിപ്പിക്കുന്നതിനുമായി മത്സ്യസഞ്ചാരി എന്ന നൂതന പദ്ധതി നടപ്പാക്കും. തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളില്‍ മായംകലരാത്ത മത്സ്യവിഭവങ്ങള്‍ സഞ്ചാരികള്‍ക്കു ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
 വടകര ഡയറ്റുമായി സഹകരിച്ച് എഡ്യുകെയര്‍ പദ്ധതി നടപ്പാക്കും. ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ വിവിധ വിഷയങ്ങളില്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ മെറ്റീരിയലുകള്‍ അച്ചടിച്ചുവിതരണം ചെയ്യുന്നതിനുള്ള പദ്ധതി ഓണ്‍ലൈന്‍ സൗകര്യങ്ങളുടെ പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമാവും.
 കോവിഡ് കാലത്ത് വരുമാനം നിലച്ച സ്ത്രീകള്‍ക്കായി വിവിധ തൊഴില്‍ സംരഭങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. തൊഴിലെടുക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്കായി രജിസ്േ്രടഷന്‍ സൗകര്യം ഏര്‍പ്പെടുത്തി ആവശ്യമായ പരിശീലനം നല്‍കും. പ്രാദേശികതൊഴിലവസരങ്ങള്‍ പരമാവധി ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കാനത്തില്‍ ജമീല വ്യക്തമാക്കി. മാലിന്യസംസ്‌കരണത്തിന് ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതുസംബന്ധിച്ച് ഗൗരവമായ ആലോചനകള്‍ നടക്കുന്നതായും അവര്‍ പറഞ്ഞു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003