/ Latest News /

ജില്ലയിലെ റോഡ് അറ്റകുറ്റപ്പണികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും - ജില്ലാവികസന സമിതി

Location, clt| Added at 2021-01-30, Views : 0

: കാലവര്‍ഷത്തില്‍ ജില്ലയിലെ വിവിധ റോഡുകളില്‍ രൂപപ്പെട്ട വലിയ കുഴികള്‍ അറ്റകുറ്റപ്പണി നടത്തുന്ന പ്രവൃത്തികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളും സമയബന്ധിതമായി  പൂര്‍ത്തീകരിക്കും. വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. പൂര്‍ത്തിയാകാത്തവ ഉടന്‍ പൂര്‍ത്തീകരിക്കാനും പ്രവൃത്തി തുടങ്ങാത്തവ അടിയന്തരമായി ആരംഭിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പര്‍ശം അദാലത്ത് കുറ്റമറ്റതായി നടത്താന്‍ എല്ലാ വകുപ്പുകളും കൃത്യമായ ഇടപെടല്‍ നടത്തണമെന്ന് ജില്ലാകലക്ടര്‍ എസ്.സാംബശിവ റാവു യോഗത്തില്‍ ആവശ്യപ്പെട്ടു.എല്ലാ പരാതികളിലും കൃത്യമായ പരിശോധന നടത്തി വ്യക്തമായ മറുപടികള്‍ പരാതിക്കാര്‍ക്ക് ലഭ്യമാക്കണമെന്നും കലക്ടര്‍ പറഞ്ഞു. 

വിലങ്ങാട് കോളനി, കരിഞ്ചോല മല മേഖലകളിലെ വീട് നിര്‍മ്മാണ പ്രവൃത്തി ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. പ്രളയത്തില്‍ പൂര്‍ണമായും ഭാഗികമായും വീട് തകര്‍ന്നവര്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്ന വിഷയത്തില്‍ 15 കുടുംബങ്ങള്‍ക്ക് തുക വിതരണം ചെയ്തതായി ദുരന്തനിവാരണവകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. കോടഞ്ചേരി പഞ്ചായത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പുളിക്കല്‍കടവ് പാലം, പുളിക്കല്‍പടി പാലം, കാരംപാറ പാലം എന്നിവയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തി ഉടന്‍ ആരംഭിച്ച് ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്നും പുളിക്കല്‍ പടി പാലത്തിന് 40 ലക്ഷം രൂപയ്ക്കും പുളിമൂട്ടില്‍ കടവ് പാലത്തിന് 30 ലക്ഷം രൂപയ്ക്കുള്ള എസ്റ്റിമേറ്റ് തുടര്‍നടപടികള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളതായും എല്‍. എസ്. ജി. ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പന്നിയങ്കര ആനമങ്ങാട് ചക്കുംകടവ് കോളനിയിലെ കൈവശക്കാര്‍ക്ക് ഫെബ്രുവരി 15 നകം പട്ടയം നല്‍കും. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് വില്ലേജില്‍ തൊള്ളായിരത്തോളം വരുന്ന പട്ടയമുള്ള  കുടുംബങ്ങള്‍ക്ക് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല എന്ന് പറഞ്ഞ് ലോണ്‍ നിഷേധിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിക്കുന്ന മുറക്ക് സര്‍വ്വേ നടപടികള്‍ ആരംഭിക്കുമെന്ന് എല്‍. ആര്‍ ഡെപ്യൂട്ടി കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. പ്രകൃതിദുരന്ത പരിപാലനത്തിന് ഭാഗമായി പുഴകളില്‍ അടിഞ്ഞുകൂടിയ പാറക്കല്ലുകളും മണ്ണും ചരലും മാറ്റുന്നതിനായി അനുമതി ലഭിച്ച 22 പ്രവൃത്തികളില്‍ 19 എണ്ണം പൂര്‍ത്തീകരിച്ചതായി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ അറിയിച്ചു.

വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഒരു സ്‌കൂളിന് ഒരു ലാബ് സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ഹരിതകേരളമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൊയിലാണ്ടി മണ്ഡലത്തിലെ രണ്ട് സ്‌കൂളുകള്‍ക്കും കോഴിക്കോട് സൗത്ത് ബേപ്പൂര്‍ കുന്നമംഗലം മണ്ഡലങ്ങളിലെ 12 സ്‌കൂളുകള്‍ക്കും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികളും ഉടന്‍ പൂര്‍ത്തീകരിക്കും.

എം.എല്‍.എമാരായ ഇ. കെ വിജയന്‍, സി.കെ നാണു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 പറഞ്ഞു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003