തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളിൽ പെരുമാറ്റചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ല കലക്ടർ സാംബശിവ റാവു അറിയിച്ചു.
സമുദായങ്ങൾ, ജാതികൾ, ഭാഷാ വിഭാഗങ്ങൾ എന്നിവ തമ്മിൽ സംഘർഷം മൂർച്ചിക്കുന്നതിനിടയാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുത്. മറ്റ് പാർട്ടികളെ കുറിച്ചുള്ള വിമർശനം അവരുടെ നയപരിപാടികളെ കുറിച്ച് മാത്രമാകണം. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല.
തെളിവില്ലാത്ത ആരോപണങ്ങൾ എതിർകക്ഷിയെകുറിച്ചോ അവരുടെ പ്രവർത്തകരെപ്പറ്റിയോ ഉന്നയിക്കരുത്.
ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങൾ മുതലെടുത്ത് വോട്ട് പിടിക്കുന്നത് കുറ്റകരമാണ്. സ്ഥാനാർത്ഥിക്ക് ഇരുചക്ര വാഹനമുൾപ്പെടെ എത്ര വാഹനങ്ങൾ വേണമെങ്കിലും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ഉപയോഗിക്കാം. വരണാധികാരിയുടെ അനുമതി വാങ്ങണം. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിൻറെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കുകയും വേണം. പെർമിറ്റിൽ വാഹനത്തിന്റെ നമ്പർ, സ്ഥാനാർഥിയുടെ പേര് എന്നിവ ഉണ്ടാകണം.
ഒരു സ്ഥാനാർഥിയുടെ പേരിൽ പെർമിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാർഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ കളിസ്ഥലവും രാഷ്ട്രീയകക്ഷികൾ റാലിക്കോ തെരഞ്ഞെടുപ്പ് പ്രചരണം സംഘടിപ്പിക്കാനോ ഉപയോഗിക്കരുത്.
നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാം.
സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി പത്രം വാങ്ങേണ്ടതും വരണാധികാരിയുടെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുമ്പാകെ മൂന്ന് ദിവസത്തിനകം സമർപ്പിക്കേണ്ടതുമാണ്.
പ്രകടനം നടക്കുമ്പോൾ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർഥിയുടെയോ വാഹനത്തിൽ തെരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവ പ്രദർശിപ്പിക്കാവുന്നതാണ്.