/ Latest News /

വീടിനും ചുറ്റും പച്ചത്തുരുത്തൊരുക്കി ദമ്പതികൾ

Location, clt| Added at 2020-10-17, Views : 0

വീടിന് ചുറ്റും വൈവിധ്യമാർന്ന വൃക്ഷങ്ങൾ, അപൂർവ്വങ്ങളായ ഔഷധ സസ്യങ്ങൾ, ഒരുപാട് സസ്യ ഇനങ്ങളുടെ ശേഖരം...എല്ലാവരുടെയും ആഗ്രഹമാണ് ഇങ്ങനെയുള്ളൊരു അന്തരീക്ഷം. ഇത്തരത്തിൽ പ്രകൃതിയോട് ഏറെ ചേർന്ന് നിൽക്കുന്ന ദമ്പതികൾ നമുക്കടുത്ത് തന്നെയുണ്ട്. ചോറോട് ഗ്രാമപഞ്ചായത്തിലെ രയരോത്ത് സുഭാഷ് ചന്ദ്രബോസ്, ഇന്ദിര ടീച്ചർ ദമ്പതികളാണ്  വീടിന് ചുറ്റും പ്രകൃതിയുടെ വിശാലമായ കൂടാരം ഒരുക്കിയിരിക്കുന്നത്. 

സ്കൂളിൽ നിന്ന് വിരമിച്ച ശേഷം ഇന്ദിര ടീച്ചർക്കാണ് ചെടികളോടുള്ള പ്രണയം ആദ്യം ആരംഭിച്ചത്. ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിൽ വക്കീലായി പ്രാക്ടീസ് തുടങ്ങിയ  സുഭാഷ് ചന്ദ്രബോസും പിന്നീട് ടീച്ചർക്കൊപ്പം മണ്ണിലേക്കിറങ്ങി. ടീച്ചർ പരിചയക്കാരിൽ നിന്നും താൻ പഠിപ്പിച്ച വിദ്യാർത്ഥികളിൽ നിന്നുമെല്ലാം വിവിധയിനം സസ്യങ്ങൾ ശേഖരിച്ച് നട്ടു പരിപാലിച്ചു.  ഇപ്പോൾ രണ്ടു പേരുടെയും ലോകം ഈ അപൂർവ സസ്യോദ്യാനമാണ്. 

 കുളവും  പലയിനം മീനുകളും, അതിന് ചുറ്റിലും വീട്ടുമുറ്റത്തും വഴിയുടെ വശങ്ങളിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന സസ്യ ശേഖരം, മരങ്ങളിൽ തൂങ്ങിയാടുന്ന വള്ളികൾ, അപൂർവതകളുള്ള സസ്യങ്ങൾ..

   70 കഴിഞ്ഞ രണ്ടു പേർക്കും ഇപ്പോൾ പച്ചപ്പും പ്രകൃതിയും ആവേശമാണ്.  ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ടി.എൻ സീമയും ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശും ഒരുമിച്ച് പോയി ഇവരെ  അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ആയിരം പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി വ്യത്യസ്തമായ ഈ പച്ചത്തുരുത്തിൽ ഹരിതകേരളം മിഷൻ്റെ അഭിനന്ദനപത്രം ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ്, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തിൽ എന്നിവർ ചേർന്ന് ഇരുവർക്കും നൽകി. 

തങ്ങളുടെ താല്പര്യത്തോടൊപ്പം നാടിനും സമൂഹത്തിനും കൂടിയാണ് ഈ ശേഖരമെന്ന് ഇരുവരും പറയുന്നു.  പറമ്പിലെ ഒരിക്കലും വറ്റാത്ത കുളത്തിൽ നിന്നും  ജലദൗർലഭ്യമുള്ളപ്പോൾ  ആവശ്യക്കാർക്ക് യഥേഷ്ടം വെള്ളം നൽകാറുമുണ്ട്. നിരവധി ആളുകളും വിദ്യാർത്ഥികളും ഈ അപൂർവ ശേഖരം കാണാനെത്തും.  

 ഇവരുടെ മണ്ണിൽ 63 ഇനം വൃക്ഷങ്ങൾ, 90 ഇനം ഔഷധസസ്യങ്ങൾ,  28 തരം വള്ളിച്ചെടികൾ തുടങ്ങി നിരവധി സസ്യലതാദികൾ മടികൂടാതെ  വളരുന്നു.  30 സെൻ്റ് സ്ഥലത്താണ് ഇവയെല്ലാം. ചോറോട് കൃഷിഭവനിൽ നിന്ന് സുഭിക്ഷകേരളം പദ്ധതിയിലെ ജൈവഗൃഹം പദ്ധതി പ്രകാരം കോഴിക്കൂടിലേക്ക് കുഞ്ഞുങ്ങൾ, ആട്ടിൻ കൂട്,   അസോള കൃഷി എല്ലാം ഇവിടെയുണ്ട്.

ആവശ്യക്കാർക്ക് തൈകളും വിത്തുകളും നൽകാനും തങ്ങളുടെ അറിവുകൾ പങ്കു വെക്കാനും ഇരുവരും എപ്പോഴും തയ്യാർ.

Advertisement
> <

Interested in showing you Ad? Contact the US!

00-85-9875462655