/ Latest News /

തീരദേശ മേഖലകളിൽ കോവിഡ് പ്രതിരോധം കടുപ്പിച്ച് ജില്ലാഭരണകൂടം

Location, clt| Added at 2020-10-14, Views : 0

: കോവിഡ് വ്യാപനം രൂക്ഷമായ തീരദേശ മേഖലകളിൽ പ്രതിരോധ സംവിധാനം കടുപ്പിച്ച് ജില്ലാഭരണകൂടം. തീരദേശ മേഖലകളിലെ വില്ലേജുകളെ പ്രത്യേക മേഖലകളായി തിരിച്ച് കോവിഡ് വ്യാപനത്തിന് തടയിടാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തീരദേശ മേഖലകളിലെ ജനങ്ങളിൽ കോവിഡ് ബോധവത്കരണം ഊർജ്ജിതമാക്കും. കോവിഡ് പ്രോട്ടോകോൾ, രോഗം സംബന്ധിച്ച അറിവുകൾ, സാമൂഹിക അകലം, എസ്എംഎസ് സംവിധാനം,ബ്രേക്ക് ദി ചെയിൻ എന്നിവ സംബന്ധിച്ച് വിവരങ്ങൾ ജനങ്ങളിലെത്തിക്കും.

വാർഡ് ആർആർടികൾ, കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങൾ, അംഗനവാടി വർക്കേഴ്‌സ്, ഹെൽപ്പർമാർ മുഖേന ഓരോ വീടുകളിലും എത്തി ജാഗ്രതാ നിർദ്ദേശങ്ങൾ കൈമാറുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും. പ്രത്യേകം ശ്രദ്ധ നൽകേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അവർക്കായി കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കും. ഫിഷ് ലാന്റിങ് സെന്റർ, ഹാർബറുകൾ, ജനവാസമേഖലകളിലെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബോധവൽകരണത്തിനായി വീഡിയോകളും മറ്റും പുറത്തിറക്കും. പ്രദേശങ്ങളിൽ മൈക്ക് അനോൺസ്‌മെന്റ് ഉണ്ടായിരിക്കും. 

കോവിഡ് ബോധവൽകരണം വ്യാപിപ്പിക്കുന്നതിനായി ഇൻഫർമേഷൻ എഡ്യൂക്കേഷൻ കാംപെയ്ൻ നടപ്പാക്കും. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫ് ഫിഷറീസ്, ഫിഷറീസ് കോപ്പറേറ്റിവ് സൊസൈറ്റി എന്നിവ ഇതിന്റെ ഭാഗമാവും. കടലോര ജാഗ്രതാ സമിതികൾ, വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ എന്നിവ ആരംഭിച്ച് ബോധവൽകരണ നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കും.

പ്രദേശങ്ങളിൽ അണുനശീകരണം നടത്തും. കോസ്റ്റൽ പോലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി വിപുലമായി ജാഗ്രതാസമിതി രൂപീകരിക്കും. വാർഡ്തല ആർആർടിയും ജാഗ്രതാ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ഈ മേഖലയിൽ പ്രവവർത്തിക്കും. തീരദേശമേഖലയിൽ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർക്ക്  പോക്ഷകാഹാരം നൽകി വരുന്നത് തുടരും. കൂടുതൽ ശ്രദ്ധനൽകേണ്ട ആളുകൾക്ക് ഭക്ഷ്യകിറ്റ്, മരുന്നുകൾ എന്നിവ എത്തിച്ചു നൽകും.

മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് പോക്ഷകാഹാരം പുറത്തുനിന്നുള്ളവർക്ക് സ്‌പോൺസർഷിപ്പ് മുഖേന നൽകാവുന്നതാണെന്ന് തീരദേശ മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡെപ്യുട്ടി കലക്ടർ ഹിമ അറിയിച്ചു. വാർഡ് ആർആർടികൾ  വീടുകൾ സന്ദർശിച്ച് കോവിഡ് കേസുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ഈ വിവരങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ശേഖരിച്ച് മെഡിക്കൽ ഓഫീസർക്ക് കൈമാറുകയും ചെയ്യും.

Advertisement
> <

Interested in showing you Ad? Contact the US!

00-85-9875462655